03:42pm 11 November 2026
NEWS
ഗാസയ്ക്കായി ഖത്തറിന്റെ കരാന്തർ മനുഷ്യസഹായപാലം; 87,000-ത്തിലധികം അഭയകുടാരങ്ങൾക്ക് അടിയന്തര സഹായമായി
17/10/2025  01:14 PM IST
nila
ഗാസയ്ക്കായി ഖത്തറിന്റെ കരാന്തർ മനുഷ്യസഹായപാലം; 87,000-ത്തിലധികം അഭയകുടാരങ്ങൾക്ക് അടിയന്തര സഹായമായി

ദോഹ: ഖത്തർ അമീർ  ശൈഖ് തമീം ബിൻ ഹമദ് അൽ താനിയുടെ നിർദ്ദേശപ്രകാരം, ഗാസയിലെ സഹോദര ജനതയുടെ ദുരിതങ്ങൾ ലഘൂകരിക്കാനും അടിയന്തര ആവശ്യങ്ങൾ നിറവേറ്റാനും ഖത്തർ കരാന്തർ മനുഷ്യസഹായ പാലം (Land Bridge of Humanitarian Aid) ആരംഭിച്ചു. ഈ പാലം ജോർദാനും ഈജിപ്തും വഴി ഗാസയിലേക്ക് സഹായങ്ങൾ എത്തിക്കുന്നതിനാണ് രൂപപ്പെടുത്തിയിരിക്കുന്നത്.ശാർം അൽ ഷെയ്ഖ് സമാധാന ഉച്ചകോടിയിൽ ഗാസ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാറിൽ ഒപ്പുവെച്ചതിന്റെ തുടർച്ചയായാണ് മാനവികമായ ഈ നീക്കം. ഗാസയിലെ ജനതയ്ക്കായി ഖത്തർ തുടർച്ചയായി നൽകുന്ന പിന്തുണയുടെ ഭാഗമായിട്ടാണ് പുതിയ സഹായപദ്ധതി രൂപംകൊണ്ടത്.
ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റ് (QFFD), ഖത്തർ ചാരിറ്റി, ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി (QRCS) എന്നീ സംഘടനകളുടെ സഹകരണത്തോടെയാണ് കരാന്തർ സഹായ പാലം നടപ്പിലാക്കുന്നത്. 87,754 അഭയകുടാരങ്ങൾ ഇതിനായി ഒരുക്കിയിട്ടുണ്ട് — ഇതിലൂടെ ഏകദേശം 4,36,000 പേർക്ക് സുരക്ഷിതവും മാന്യവുമായ താവളം ലഭിക്കും. ഇസ്രായേൽ ആക്രമണത്തെ തുടർന്ന് വീടുകൾ നഷ്ടപ്പെട്ട 2,88,000-ത്തിലധികം കുടുംബങ്ങൾക്കാണ് ഈ സഹായം ലക്ഷ്യമിട്ടിരിക്കുന്നത്.
സഹായപദ്ധതിയുടെ ഉദ്ഘാടനം അന്തർദേശീയ സഹകരണകാര്യ മന്ത്രി മറിയം ബിൻത് അലി ബിൻ നാസർ അൽ മിസ്നാദ്, ഖത്തർ ചാരിറ്റി സിഇഒ യൂസഫ് ബിൻ അഹ്മദ് അൽ കുവാരി, ഖത്തർ റെഡ് ക്രസന്റ് അസിസ്റ്റന്റ് സെക്രട്ടറി ജനറൽ മുഹമ്മദ് അഹ്മദ് അൽ ബഷ്രി, ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റിന്റെ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ നാസർ മുഹമ്മദ് അൽ മർസൂഖി എന്നിവർ ചേർന്നാണ് ദോഹയിൽ പ്രഖ്യാപിച്ചത്. മാനവിക സഹായ നീക്കം ഖത്തറിന്റെ മനുഷ്യാവകാശ പ്രതിബദ്ധതയും പാലസ്തീൻ ജനതയോടുള്ള അഖണ്ഡ സഹോദരത്വവും പ്രതിഫലിപ്പിക്കുന്നതാണ്. ഗാസയിലെ പുനർനിർമാണ പ്രവർത്തനങ്ങൾക്കും പുനരധിവാസത്തിനും പ്രതീക്ഷയും സ്ഥിരതയും നൽകുന്ന ഖത്തറിന്റെ ദീർഘകാല പ്രതിജ്ഞാബദ്ധതയുടെ പുതിയ അടയാളമായി ഈ സംരംഭം വിലയിരുത്തപ്പെടുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img